ക്രിസ്തു ഭക്തര്‍ കര്‍തൃനാമത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും , പ്രവര്‍ത്തകര്‍ക്കും വേണ്ടി പണം ചെലവഴിക്കേണ്ടത് വളരെ ആവശ്യമാണ്. പക്ഷെ അതെങ്ങനെ നാം കൊടുക്കുന്നു എന്നത് വളരെ ഗൌരവമായി ചിന്തിക്കേണ്ട ഒന്നത്രേ എന്ന് ലേഖകന്‍ ഈ ചെരുകുറിപ്പിലൂടെ വ്യക്തമാക്കുന്നു.
താന്‍ കൊടുക്കുന്നത് മറ്റുള്ളവര്‍ അറിയണം എന്ന ചിന്തയോടെ പ്രവര്‍ത്തനങ്ങള്‍ക്കും, പ്രവര്‍ത്തകര്‍ക്കും കൈത്താങ്ങല്‍ കൊടുക്കുന്ന ചിലരെ ഇന്ന് വിശ്വാസ ഗോളത്തിലും കാണുവാന്‍ കഴിയും. അതിനായി അവര്‍ സ്വീകരിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ചിലപ്പോള്‍ അവിശ്വാസികളെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തിലുള്ളതായിരിക്കും.
ഒരിക്കല്‍, സാമാന്യം സാമ്പത്തിക ശേഷിയുള്ള ഒരു സഹോദരന്‍ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു സഹോദര കുടുംബത്തെ പണം നല്‍കി സഹായിപ്പാനാഗ്രഹിച്ചു. പക്ഷെ അതിനു അദ്ദേഹം സ്വീകരിച്ച മാര്‍ഗം വളരെ ലജ്ജാകരവും ഹീനവുമായ ഒന്നായിരുന്നു. മദ്ധ്യസ്ഥന്മാര്‍ മുഖേന ആ പണം മേല്‍പ്പറഞ്ഞ സഹോദരന് എത്തിച്ചു കൊടുത്ത് ആവശ്യമായ രസീതുകളില്‍ ഒപ്പിട്ടു വാങ്ങി സൂക്ഷിച്ച ഒരു സംഭവത്തിന് ഈ എഴുത്തുകാരന്‍ തൃക്സാക്ഷിയാണ്.
ആത്മാര്‍ധ്ഥമായി താനതായാള്‍ക്ക് കൊടുക്കുവാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ നേരിട്ടത് കൊടുത്താല്‍ മതിയായിരുന്നല്ലോ? എന്തിനീ മദ്ധ്യസ്ഥന്മാര്‍? എത്ര അധപ്പധിച്ചതും നിന്ദ്യവുമായ ഒരു പ്രവര്‍ത്തി.
വലം കൈ ചെയ്യുന്നത് എന്ത് എന്ന് ഇടം കൈ അറിയരുതെന്ന് പഠിപ്പിച്ച നമ്മുടെ കര്‍ത്താവിനെ ദുഖിപ്പിക്കുന്ന ഒരു പ്രവര്‍ത്തിയല്ലേ അത്? നാല് പേര്‍ അറിയണമെന്ന ചിന്തയല്ലേ ആ പ്രവര്‍ത്തിയുടെ പിന്നില്‍? പരീശ ഭക്തരെപ്പോലെ, ആ ചിന്തയില്‍ ഒരാളെ സഹായിക്കുന്ന ആള്‍ ഒന്നും തന്നെ നേടുന്നില്ല. കപടഭക്തിക്കാരല്ലേ അങ്ങനെ ചെയ്യുക. അവര്‍ക്ക് പ്രതിഫലം കിട്ടിപ്പോയി എന്ന് കര്‍ത്താവ് താന്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. ആ ചിന്തയില്‍ അത് ചെയ്യുന്നതിലും ഭേദം ചെയ്യാതിരിക്കുന്നതല്ലേ ഏറെ ഉത്തമം. മത്തായി 6:1- 4 വരെയുള്ള വാക്യങ്ങളില്‍ കര്‍ത്താവ് എത്ര വ്യക്തമായി അതെപ്പറ്റി പറഞ്ഞിരിക്കുന്നു. "മനുഷ്യര്‍ കാണേണ്ടതിനു നിങ്ങളുടെ നീതിയെ അവരുടെ മുന്‍പില്‍ ചെയ്യാതിരിപ്പാന്‍ സൂക്ഷിപ്പീന്‍; അല്ലാഞ്ഞാല്‍ സ്വര്‍ഗ്ഗത്തിലുള്ള പിതാവിന്റെ പക്കല്‍ നിങ്ങള്‍ക്ക് പ്രതിഫലമില്ല.
ആകെയാല്‍ ഭിക്ഷ കൊടുക്കുമ്പോള്‍ മനുഷ്യരാല്‍ മാനം ലഭിപ്പാന്‍ പള്ളികളിലും വീധികളിലും കപടഭക്തിക്കാര്‍ ചെയ്യുന്നതുപോലെ നിന്റെ മുമ്പില്‍ കാഹളം ഊതിക്കരുത്; അവര്‍ക്ക് പ്രതിഫലം കിട്ടിപ്പോയി എന്ന് ഞാന്‍ സത്യമായിട്ടു നിങ്ങളോട് പറയുന്നു. നീയോ ഭിക്ഷ കൊടുക്കുമ്പോള്‍ നിന്റെ ഭിക്ഷ രഹസ്യത്തില്‍ ആയിരിക്കേണ്ടതിനു വലം കൈ ചെയ്യുന്നത് എന്ത് എന്ന് ഇടം കൈ അറിയരുതു. രഹസ്യത്തില്‍ കാണുന്ന നിന്റെ പിതാവ് നിനക്ക് പ്രതിഫലം തരും."
വചനം ഉച്ചയിസ്തരം പ്രഘോഷിപ്പാന്‍ കഴിവും പ്രാഗല്‍ഭ്യവും ഉള്ളവര്‍ പോലും പലപ്പോഴും ഇത്തരത്തില്‍ കാഹളം ഊതുന്നത് കാണുമ്പോള്‍ ദുഃഖം തോന്നുകയാണ്.
ശുദ്ധ മനസാക്ഷിയോടെ കൊടുക്കുന്നവര്‍ വിളിച്ചു പറയാനോ, കാഹളം ഊതി കൊട്ടി ഘോഷിപ്പാനോ മുതിരുകയില്ല. മറിച്ചു, രഹസ്യത്തില്‍ കാണുന്ന നിങ്ങളുടെ പിതാവ് നിനക്ക് പ്രതിഫലം തരും എന്ന ചിന്തയോടെ മാത്രം നാം മറ്റുള്ളവരെ സഹായിക്കുന്നവരാകണം. കര്‍ത്താവ് അതിനേവര്‍ക്കും സഹായിക്കട്ടെ.
ചില വര്‍ഷങ്ങള്‍ക്കു മുമ്പ് സുവിശേഷ ധ്വനി വാരികയില്‍ പ്രസിദ്ധീകരിച്ചത്.
Comments
Post a Comment